Saturday 1 June 2013

നീ സ്വതന്ത്രനോ

ഇരുളുന്നു,  രാവിന്നഴകേറും  ഭീകര -
നിഴലുകൾ  പ്രത്യക്ഷമായിടുമ്പോൾ 
ഒരു നിലാവെട്ടത്തിലെൻ  മുഖം -
പൊക്കി  ഞാൻ  ജനാലകൾക്കിടയിലൂടെ 
രാവിൻ  നിശബ്ദമാം  രാഗം കേൾക്കുവാൻ 
കാതോർത്തു  നിന്നൊരാ  നിമിഷങ്ങളിൽ ,

എൻറെയുള്ളിൽ   ഭയമാകും  കൊടുമിരുൾ 
മെല്ലെ മെല്ലെ   വന്നെത്തിടുമ്പോൾ 
എവിടെനിന്നോവരും    അശരീരിയെന്നപോൽ 
കേട്ടു ഞാൻ   ഒരാത്മാവിൻ   വിരഹഗാനം .

ഏകയാമെന്നെത്തനിച്ചാക്കി   ഭൂവിലി -
ന്നാരുമില്ലാതെ  ഞാൻ  കേണിടുന്നു 
നാടിന്നു  വേണ്ടി   പോരാടി   നേടിയ 
സ്വാതന്ത്ര്യമെല്ലാം   ഇന്നെവിടെ . 

നമ്മെ  നാം   തന്നെ   അടിമകളാക്കി 
അടക്കി   ഭരിക്കുന്ന   നാടിതല്ലോ 
മരണത്തെ  പുൽകി  ഞാൻ  രക്ഷ നേടാനായ് 
ഇന്നോരാത്മാവായ്  അലഞ്ഞിടുന്നു .

ആത്മാവിനും  ലഭിക്കില്ലയീ നാട്ടിൽ 
സ്വാതന്ത്ര്യമെന്നതറിഞ്ഞിടുന്നു   ഞാൻ 
ആരോ വിളിച്ചിട്ടെന്ന  പോൽ  ഞെട്ടി -
ത്തിരിഞ്ഞു ഞാൻ  നോക്കിയനേരത്തായ്

ഞാൻ കണ്ടു  കണ്ണാടിക്കുള്ളിലായെൻ 
മനസ്സാക്ഷിയാകുന്നൊരു   തോഴനെ 
ആത്മാവുപോലും   സ്വതന്ത്രയല്ലെങ്കിൽ 
വെറുമൊരു  മനുഷ്യനാണല്ലോ  നീയും 

ചൊല്ലൂ , സ്വതന്ത്രനോ  നീ  സുഹൃത്തേ 
ഇവിടെ  നീ  ഏറെ  സ്വതന്ത്രനാണോ ?

***************************************
                                          
''കവിതയുടെ വിഷയം :ഇന്നത്തെ സമൂഹത്തിലെ  ജീവിതരീതികളുടെയും  മറ്റും  ഫലം ''

തിലകമാം തിലകൻ

പഞ്ചഭൂതംഗമാം  അഗ്നിദേവനിലായ് 


എരിഞ്ഞടങ്ങീ  ആ  പുണ്യദേഹം 

അരങ്ങിലെന്നെന്നും  ശോഭയായ്  തീർന്നൊരു 

പെരുന്തച്ചനല്ലയോ  മാഞ്ഞുപോയീ 

ജീവിതമാകും  നാടകത്തിൽ  എന്നും 

അഭിനയവഴിയേ  തകർന്നാടിയും 

തൻകലാ വൈഭവം  കൊണ്ടുയർന്നും 

ജനമനസ്സിൽ  കെടാദീപമായി 

അഭിനയ രാജാവായി  വാണീ -

കേരള മനസ്സുകൾ  കീഴടക്കി 

ജീവിതമാകും  അരങ്ങൊഴിഞ്ഞ് 

പരലോകം  പൂണ്ടിതാ  മഹാനടനും 

സിനിമാ  പ്രേമികൾതൻ  മന്നനാം 

അഭിനയതിലകമാം  തിലകൻ -

എന്നൊരാ  മഹാപ്രതിഭ